ഖുർആനിൽ സൃഷ്ടികളോടുള്ള ദൈവിക സ്‌നേഹത്തിന്റെയും അതിരില്ലാത്ത കരുണയുടെയും മഹത്തായ പ്രതിഫലനമാണ് സൂറത്തു റഹ്മാൻ.ദൈവിക കരുണയുടെ മഹിമ ആവിഷ്ക്കരിക്കുന്ന ഈ സൂറത്ത്, ഖുർആനിന്റെ മണവാളൻ എന്ന വിശേഷണത്തോടുകൂടിയാണ് അറിയപ്പെടുന്നത്. അസ്മാഉൽ ഹുസ്നയിലെ അർ-റഹ്മാൻ എന്ന ദിവ്യനാമത്തോടെ ആരംഭിക്കുന്ന ഏക അദ്ധ്യായമാണിത്. ദയാലുവും പരമാനുഗ്രഹീതനുമായ അല്ലാഹുവിന്റെ അതുല്യാനുഗ്രഹങ്ങൾ ഈ സൂറത്തിൽ ആലേഖനം ചെയ്യപ്പെടുന്നു. മനുഷ്യനും ജിന്നിനും നൽകിയ അനുഗ്രഹങ്ങളെ പ്രതിപാതിക്കുമ്പോൾ, അവയെ തിരിച്ചറിയാനും കൃതജ്ഞരാകാനുമാണ് നമ്മെ ഈ അദ്ധ്യായം പ്രേരിപ്പിക്കുന്നത്
പരിശുദ്ധ ഖുർആനിലെ 55-ആമത്തെ അദ്ധ്യായമായ സൂറത്തു റഹ്മാൻ, ദൈവിക ജ്ഞാനവും കരുണയും നിറഞ്ഞ 78 ദിവ്യസൂക്തങ്ങളുടെ സമാഹാരമാണ്. അതിൽ, മുപ്പത്തിയൊന്ന് തവണ ആവർത്തിക്കുന്ന ഒരു ആയത്ത് ഏറെ ശ്രദ്ധേയമായിട്ടാണ് ഖുർആനിൽ പരിചയപ്പെടുത്തുന്നത്. "നിങ്ങളുടെ റബ്ബ് നിങ്ങൾക്ക് നൽകിയ ഏതു അനുഗ്രഹത്തെയാണ് നിങ്ങൾ നിഷേധിക്കുന്നത്?" ഈ ദിവ്യവചനത്തിലൂടെ സർവലോക പരിപാലകനായ റബ്ബ് സൃഷ്ടികള്ക്ക് സമ്മാനിച്ച അതുല്യാനുഗ്രഹങ്ങളെ ഓർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്.
സൂറത്തിന്റെ പ്രാരംഭം അറിവിനെ മനുഷ്യനെ മഹോന്നതതിലേക്കുയർത്തുന്ന ഒരു ദൈവാനുഗ്രഹമായിട്ടാണ് പ്രതിപാദിക്കുന്നു. അതിനുശേഷം, മനുഷ്യ സൃഷ്ട്ടി, സൂര്യൻ, ചന്ദ്രൻ, പ്രകൃതി, സ്വർഗ്ഗം, വിശ്വാസികളെ കാത്തിരിക്കുന്ന സ്വർഗത്തിൻ്റെ മഹിമഎന്നിവ വ്യാക്യാനിക്കുന്നു. സൂര്യനും ചന്ദ്രനും വിശുദ്ധ ഖുർആനിൽ കേവലം കാഴ്ചയിലൊതുങ്ങുന്ന ഉൽക്കൃഷ്ട സൃഷ്ടികൾ മാത്രമല്ല; അവയുടെ ദൗത്യം നിറവേറ്റുകയും, സൃഷ്ടാവിനെ വണങ്ങുകയും ചെയ്യുന്നു എന്ന സത്യവും സൂറത്തു റഹ്മാൻ വ്യക്തമാക്കുന്നുണ്ട്.
ഒരു തവണ പോലും കടല് യാത്ര അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രവാചകൻ, കടലും ശുദ്ധജലവും തമ്മിൽ ചേരാത്ത ഒരു അദ്ഭുതപ്രതിഭാസത്തെ പരിചയപ്പെടുത്തുന്നു: "രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മിൽ കൂടിച്ചേരത്തക്കവിധം അവൻ അയച്ചുവിട്ടിരിക്കുന്നു. അവ രണ്ടിനുമിടയിൽ അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്." ശാസ്ത്രം ഇന്ന് ഈ തടസ്സത്തെ ലവണത, താപം തുടങ്ങിയ വിവിധ ഘടകങ്ങൾ ആയി വിശദീകരിക്കുന്നു. "അവ രണ്ടിൽ നിന്നുമാണ് മുത്തും പവിഴവും ഉല്പവിക്കുന്നത്." കടലിന്റെ അതിർത്തികളിലും സമുദ്രജല ജീവജാലങ്ങളിലും ദൈവത്തിന്റെ അതുല്യ കരുണ പ്രത്യക്ഷമാണ്.
തൊട്ടുപിറകെ ഭൂമിയിൽനിന്ന് ഭൂമോ പരിതലം മറികടന്നുള്ള ഒരു പ്രയാണം സൂറത്ത് പരാമർശിക്കുന്നു: "ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങൾക്കും ഭൂമിക്കും പുറത്ത് കടന്നുപോകാൻ നിങ്ങൾക്ക് സാധിക്കുന്ന പക്ഷം, നിങ്ങൾ കടന്നുപോയിക്കൊള്ളുക, ദൃഷ്ടാന്തം ലഭിച്ചിട്ടല്ലാതെ നിങ്ങൾ കടന്നു പോകുകയില്ല." ഇത് മനുഷ്യബുദ്ധിയെയും ശാസ്ത്രീയ അന്വേഷണങ്ങളെയും സ്വാധീനിച്ചിട്ടുള്ള ഖുർആനിലെ ഒരു അത്യന്തം ആഴമുള്ള ദർശനമാണ്. ബൗദ്ധിക പരിജ്ഞാനവും ദൈവിക മാർഗ്ഗനിർദ്ദേശവും സമന്വയിച്ച് മുന്നേറേണ്ടതിന്റെ സന്ദേശമാണ് ഈ സൂക്തം നൽകുന്നത്.
ഇമാം ഖുർതുബി ഈ സൂക്തം വിശദീകരിക്കുമ്പോൾ ഇബ്നു അബ്ബാസ് (റ) പറഞ്ഞ വാക്കുകൾ ഉൾക്കൊള്ളിക്കുന്നു: "ആകാശ-ഭൂമിയിലുള്ളതിനെ പഠിക്കാനുള്ള ആഗ്രഹമുള്ളവൻ പഠനം നടത്തട്ടെ. തീർച്ചയായും അവൻ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ മനസ്സിലാക്കും."
ഈ സൂറത്തിൽ രണ്ട് സ്വർഗ്ഗങ്ങൾ പ്രതിപാദിക്കപ്പെടുന്നുണ്ടെന്ന് കാണാം: "തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവൻക്ക് രണ്ട് സ്വർഗ്ഗത്തോപ്പുകളുണ്ട്." ബഹുമാനപ്പെട്ട സിദ്ദീഖ് (റ) കുറിച്ചാണിതെന്ന് മുഫസ്സിറുകൾ വ്യക്തമാക്കിയിട്ടുണ്ട്. "ഞാൻ ജനിച്ചില്ലായിരുന്നെങ്കിൽ!" എന്ന് ആശങ്കപ്പെട്ടപ്പോൾ തന്നെ ഈ ആയത്ത് അദ്ദേഹത്തിനെ സംബന്ധിച്ച് ഇറങ്ങി. അരുവികളും പഴങ്ങളും നിറഞ്ഞ സ്വർഗ്ഗത്തെക്കുറിച്ചും, നരകവാസികൾക്കായി ഒരുക്കിയ ഭയാനക ശിക്ഷയെക്കുറിച്ചും ഈ സൂറത്ത് വ്യക്തമായി വിവരിക്കുന്നു.
സൂറത്തു റഹ്മാൻ ഹൃദയപൂർവം മനസ്സിരുത്തി ചിന്തിച്ചാൽ, ദൈവാനുഗ്രഹങ്ങളുടെ മഹത്വം തിരിച്ചറിയാനും ദൈവിക കരുണയുടെ അർഥം മനസ്സിലാക്കാനുമുള്ള ആഴമേറിയ സന്ദേശമായി അത് മാറുന്നു. ദൈവം നൽകിയ ഏതു അനുഗ്രഹം നാം നിഷേധിക്കാനാണ്? ഈ ചോദ്യത്തിലൂടെയും, ദൈവിക കൃപകളെ തിരിച്ചറിയാനുമുള്ള ആഹ്വാനത്തിലൂടെയും സൂറത്തു റഹ്മാൻ മനുഷ്യനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു