നെറി കേടുകളുടെ കാലഘട്ടത്തെയാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.കുറ്റകൃത്യങ്ങൾക്കൊണ്ട് ജെൻ സി സംഹാര താണ്ഡവമാടുമ്പോൾ ധാർമികതയും സഹിഷ്ണുതയുമെല്ലാം നോക്കുകുത്തിയാകുന്നു. പുരോഗമനവാദങ്ങളും മോഡേണിസവും പുതിയകാല വിദ്യാർത്ഥികളെ എത്രത്തോളം ഗ്രസിച്ചിട്ടുണ്ട് എന്നതിന്റെ തെളിവ് കൂടിയാണ് ഇത്. അതുകൊണ്ടുതന്നെയാണ് സ്വന്തം കുടുംബാംഗങ്ങളെ പോലും നിഷ്ഠൂരമായി വധിക്കാനും അസഹിഷ്ണുതയെ കൂട്ടുപിടിക്കാനും ഓരോ വിദ്യാർത്ഥിയെയും പ്രേരിപ്പിക്കുന്നത്.
സമീപകാല സംഭവവികാസങ്ങൾ നാം ഏവരും ഞെട്ടലോടുകൂടി ശ്രവിച്ചിരിക്കും. "ഇങ്ങനെയൊക്കെ ചെയ്യാൻ ഒരാൾക്ക് പറ്റുമോ?" എന്ന ചോദ്യം പലവട്ടം നമ്മൾ നമ്മോട് തന്നെ ഉന്നയിച്ചിട്ടുണ്ടാകും. എന്നാൽ ഇതിന് പല കാരണങ്ങളുണ്ട്. സമൂഹമാധ്യമങ്ങളുടെയും സിനിമകളുടെയും സ്വാധീനം തന്നെയാണ് അതിൽ പ്രധാനം. നാം ഏറെ ഭയന്ന "നോർമലൈസ്" എന്ന ആശയത്തിന്റെ പ്രതിഫലനം ഇവിടെ ദൃശ്യമാകുന്നു. അവിടെ ലൈംഗികതയും പ്രകൃതിവിരുദ്ധതയും നോർമലൈസ് ചെയ്യപ്പെട്ടതായിരുന്നെങ്കിൽ, ഇവിടെ വയലൻസും പകപോക്കലുമാണ്. ലഹരി പദാർത്ഥങ്ങൾ ഇതിന് ഒരു മോട്ടീവായി പ്രവർത്തിച്ചുവെങ്കിലും, സഹപാഠിയെ പോലും അതിദാരുണമായി വ്രണപ്പെടുത്തണമെന്ന ചിന്താഗതി നെയ്തെടുക്കുന്നതിൽ റാപ്പ് സംഗീതവും സിനിമകളും വഹിക്കുന്ന പങ്ക് ചെറുതല്ല. അങ്ങനെയാണ് കട്ടച്ചോരകൊണ്ട് ജ്യൂസ് അടിക്കാനും, പേനക്കത്തികൊണ്ട് വിദ്യാരംഭം കുറിക്കാനും ഓരോ വിദ്യാർത്ഥിയും മുന്നിട്ടിറങ്ങുന്നത്.
ജെൻ സി യിലെ ഓരോ വിദ്യാർത്ഥിയിലേക്കും അതിവേഗം കടന്നുചേർന്ന ഒന്നാണ് "ട്രെൻഡ്" എന്ന ആശയം. വസ്ത്രം, ഭക്ഷണം തുടങ്ങി ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും അതിന്റെ സ്വാധീനം വ്യാപിച്ചിരിക്കുന്നു. അതിനായി യാതൊരു ദാക്ഷിണ്യവുമില്ലാതെ പണം ചെലവാക്കാനും ജെൻ സി മടിക്കുന്നില്ല. മറ്റൊരാളുടെ സ്റ്റാറ്റസ്, സ്റ്റോറി തുടങ്ങിയവ നിരീക്ഷിച്ച്, അതാണവരുടെ മുഴുവൻ ജീവിതം എന്ന തെറ്റായ വിലയിരുത്തലിലേക്കാണ് പുതിയകാല വിദ്യാർത്ഥിത്വം എത്തിച്ചേരുന്നത്. "എനിക്കും അതുപോലെ ആകണമെന്ന" മനോഭാവം ഇതിലൂടെ വിദ്യാർത്ഥികളിൽ വളരുന്നു. അപ്പോഴാണ് ഐഫോൺ അല്ലാത്ത മൊബൈൽ ഉപയോഗിക്കുന്നത് "അറു ബോറാകുന്നതും," ട്രെൻഡുകളെ പിന്തുടരാതെ മാറി സഞ്ചരിക്കുന്നത് "തന്ത വൈബാവുന്നതും."
പുതിയ തലമുറ നേരിടുന്ന ഈ വിപത്തുകൾക്ക് പരിഹാരവും നാം കണ്ടെത്തേണ്ടതുണ്ട്. "ലഹരിയും മയക്കുമരുന്നുമാണ് ഇതിന്‍റെ മൂലകാരണം" എന്ന് പറഞ്ഞ് മടങ്ങുമ്പോഴും, ചില പ്രധാന പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കേണ്ടതുണ്ട്. 'ഓപ്പറേഷൻ ഡി-ഹണ്ടിങ്' എന്ന പേരിൽ കേരള പോലീസ് നടത്തിയ അന്വേഷണത്തിൽ വെറും ഒരു ആഴ്ചക്കുള്ളിൽ 2,854 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഈ അവസ്ഥയെ മറികടക്കാൻ നമുക്ക് പ്രവർത്തിക്കേണ്ടതുണ്ട്.
പുതിയ തലമുറ നേരിടുന്ന വിപത്തുകൾക്ക് പരിഹാരവും നാം കാണേണ്ടതുണ്ട്. ലഹരിയും മയക്കുമരുന്നുമാണ് ഇതിന്റെ പ്രധാന കാരണം എന്ന മുദ്രകുത്തലിൽ നിൽക്കാതെ, സമഗ്രമായ പരിഹാര നിർദേശങ്ങളും നാം മുന്നോട്ട് വെക്കേണ്ടതുണ്ട്. 'ഓപ്പറേഷൻ ഡി-ഹണ്ടിങ്' എന്ന പേരിൽ കേരള പോലീസ് കഴിഞ്ഞ ഒരാഴ്ച നടത്തിയ അന്വേഷണത്തിൽ 2,854 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഈ ഭീഷണിയെ മറികടക്കാൻ നമുക്ക് ഫലപ്രദമായ ഇടപെടലുകൾ നിർവഹിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ സിലബസിന്റെ നവീകരണമാണ് ആദ്യ പരിഹാരം. വിദ്യാർത്ഥികൾക്ക് സാമൂഹിക ബന്ധങ്ങളും വ്യക്തിഗത ഉത്തരവാദിത്വങ്ങളും മനസ്സിലാക്കാനുള്ള വിദ്യാഭ്യാസം സ്കൂളുകളിൽ നിന്ന് തന്നെ ലഭ്യമാകണം. പല വിദ്യാർത്ഥികൾക്കും ജനങ്ങളോട് എങ്ങനെ ഇടപഴകണം, എങ്ങനെ സംവദിക്കണം എന്നതിനെ കുറിച്ചുള്ള അവബോധമില്ല. വർഷങ്ങളായി തുടരുന്ന പരമ്പരാഗത സിലബസുകളിൽ സമൂലമായ മാറ്റങ്ങൾ വരുത്തിയാൽ ഇത്തരം വഴിതെറ്റലുകളിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്താനാവും.
പലർക്കും രാഷ്ട്രീയബോധം സോഷ്യൽ മീഡിയയിലൂടെ ലഭ്യമാകുന്നുണ്ടെങ്കിലും, ഒരു പൗരനായുള്ള കടമകളും ഉത്തരവാദിത്വങ്ങളും അവർക്കറിയില്ല.
ഈ ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കാൻ സാധിച്ചാൽ മാത്രമേ സോ-കോൾഡ് "2K കിഡ്സ്" എന്ന് വിളിക്കുന്ന തലമുറയെ തകർച്ചയിലേക്കുള്ള കുതിപ്പിൽ നിന്ന് പിന്തിരിപ്പിക്കാനാകൂ. ഇല്ലെങ്കിൽ, അഫാനുമാരും റാഗിംഗ് സംഘങ്ങളും ഇനിയും പടർന്നു പന്തലിക്കും.
ആന്തരികമായും ബാഹ്യമായും വിശ്വാസികൾ സ്വായത്തമാക്കിയ നന്മകൾ കൂടുതൽ ജീവസന്തുഷ്ടമാക്കാനും, വന്നുപോയ പാപങ്ങളിൽ നിന്ന് മുക്തി നേടാനും, ഏറെ വിശിഷ്ടമായ ഒരു അവസരമാണ് റമളാൻ മാസം. റമളാനിന്റെ മഹത്വം കേവലം ഭക്ഷണവെടിയലിൽ ഒതുങ്ങുന്നില്ല. ഇത് അനുഷ്ഠിക്കുന്ന ഓരോ സൽപ്രവൃത്തിക്കും ഇരട്ടിയോ അതിലധികമോ പ്രതിഫലം ലഭിക്കുന്ന മാസം കൂടിയാണ്. അല്ലാഹു തആല പറയുന്നു: "നോമ്പ് എനിക്കുള്ളതാണ്, അതിന് പ്രതിഫലം നൽകുന്നത് ഞാനാണ്." അതുകൊണ്ടുതന്നെ, നോമ്പിന് പുറമേ ചെയ്യുന്ന സൽപ്രവൃത്തികളാണ് പ്രതിഫലത്തിന്റെ തോത് വർധിപ്പിക്കുന്നതും, റമളാനിനെ കൂടുതൽ ഫലപ്രദമാക്കുന്നതും.
ഇമാം ഗസ്സാലി (റ) നോമ്പിനെ വർഗീകരിച്ചിരിക്കുന്നത് മൂന്നായിട്ടാണ് . സാധാരണക്കാരുടെ നോമ്പ് . നോമ്പുകാരൻ തന്റെ വയറിനെയും രഹസ്യഭാഗങ്ങളെയും നിയന്ത്രിക്കുന്നതുവരെ ഈ വിഭാഗത്തിൽപ്പെടും. പ്രത്യേകമാക്കപ്പെട്ടവരുടെ നോമ്പ് .കേൾവി, നാവ്, കണ്ണ് ഉൾപ്പെടെയുള്ള അവയവങ്ങളെ കുറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുന്നവരുടെ നോമ്പ്. തിരഞ്ഞെടുക്കപ്പെട്ടവരിൽ പ്രത്യേകക്കാരുടെ നോമ്പ് . ഹൃദയത്തെ നിയന്ത്രിക്കുകയും ചിന്തകളെയും മറ്റു കാര്യങ്ങളെയും അല്ലാഹുവിന്റെ അതിരുകൾ വിട്ടുകടക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നവരുടെ നോമ്പ്. ഇവർ വളരെ ഉന്നതരായിരിക്കും.
ഈ ഗണത്തിൽ പെട്ടവരാണ് മഹത്തുക്കളിൽ അധികവും. മോഡേൺ ജീവിതശൈലിയുടെയും അപ്രമാദിത്യത്തിന്റെയും സ്വാധീനം, റമളാനെയും ഒരു ആനന്ദോത്സവമെന്നോ ഉപഭോഗവേളയെന്നോ കരുതുന്ന രീതിയിലേക്ക് സമൂഹത്തെ നയിക്കുന്നു. അതിനാൽ മഹാന്മാരുടെ റമളാൻ ജീവിതം മനസ്സിലാക്കുകയും അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നത് അനിവാര്യമാണ്.
മുത്ത് നബി (സ) റമളാൻ പിറവി അറിഞ്ഞാൽ തക്ബീർ ചൊല്ലി ദുആ ചെയ്യുമായിരുന്നു (മുസ്‌നദ് ദാരിമി). റമളാൻ ആഗതമായാൽ മുത്ത് നബി (സ) തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുകയും ചോദിച്ചുവരുന്ന എല്ലാ ആളുകൾക്കും നൽകുകയും ചെയ്യുമായിരുന്നു (മിഷ്കാത്തുൽ മസാബീഹ്). സലഫുകളിൽ ചിലർ റമളാനിന്റെ ആറുമാസം മുമ്പ് തന്നെ അതിലേക്ക് എത്താനും, റമളാനിന് ശേഷമുള്ള ആറുമാസം കഴിഞ്ഞ റമളാൻ സ്വീകാര്യമാവാനും വേണ്ടി ദുആ ചെയ്യുന്നവരായിരുന്നു എന്ന് കാണാനാവും (ലതാഇഫുൽ മആരിഫ്). ഓരോ റമളാൻ പിറക്കുമ്പോഴും ആഹ്ലാദത്താൽ കണ്ണും ഖൽബുമൊരുക്കി, നാഥനിലേക്ക് ശ്രദ്ധതിരിച്ച് ദീർഘമായ നമസ്കാരങ്ങളാൽ ആത്മീയാനുഭവം വർധിപ്പിക്കുകയും, മറ്റ് സൽക്കർമ്മങ്ങൾ കൂടുതലായി അനുഷ്ഠിക്കുകയും ചെയ്യുക അവരുടെ പതിവിലായിരുന്നു. മഹത്തുക്കളുടെ റമളാനിലെ നമസ്കാരങ്ങൾ പതിവിലും കവിഞ്ഞ ദൈർഘ്യമേറിയതായിരുന്നു. ഉമർ (റ), ഉബയ്യ് ഇബ്നു കഅ്ബ് (റ), താമീമുദ്ദാരി (റ) എന്നിവരോട് ഇമാം നിൽക്കാൻ കല്പിക്കുമായിരുന്നു. ഓരോ റക്അത്തിലും ഇരുനൂറ് ആയത്തുകൾ ഓതിയുള്ള നമസ്കാരത്തിന്റെ ദൈർഘ്യം കാരണം, അവർ വടിയിൽ അവലംബിക്കുകയും, സുബ്ഹിയോടടുക്കും വരെ ആ നമസ്കാരം നീളുകയും ചെയ്തിരുന്നു (ലതാഇഫുൽ മആരിഫ്:316). തറാവീഹ് നമസ്കാരത്തിന്റെ ഓരോ നാല് റക്അത്തുകൾക്കിടയിലും സ്വഹാബാക്കൾ കഅ്ബ ത്വവാഫ് ചെയ്യുമായിരുന്നു (കിതാബുൽ മജ്മൂഅ്). ഖതാദ (റ) ഓരോ ഏഴ് ദിവസം കൂടുമ്പോഴും നമസ്കാരത്തിൽ മാത്രം ഖുർആൻ ഖത്മ് തീർക്കുമെന്നു കാണാനാവും, പ്രത്യേകിച്ച് അവസാന പാതിയിലോ അതിനുമപ്പുറമോ. ഉമർ (റ) റമളാനിലെ രാത്രിയിൽ ധാരാളം നമസ്കരിക്കുകയും, രാത്രിയുടെ പകുതിയിൽ തന്റെ കുടുംബത്തെ നമസ്കാരത്തിനായി വിളിച്ചുണർത്തുകയും ചെയ്യുമായിരുന്നു (മുവത്താ).
പരിശുദ്ധ ഖുർആൻ ഇറങ്ങിയ മഹത്വമുള്ള ഈ മാസത്തിൽ ഖുർആൻ ഖത്മ് ചെയ്യാൻ വളരെയേറെ ഉത്സാഹത്തോടെയും പരിശ്രമത്തോടെയും മുന്നോട്ട് വന്ന മഹാന്മാരുടെ ചരിത്രം അതിശയകരമാണ്. ഇബ്നു അബ്ദുൽ ഹകീം (റ) പറയുന്നത് പോലെ, മാലിക് (റ) റമളാൻ ആഗമിച്ചാൽ ഹദീസിന്റെയും മറ്റ് ഇൽമുകളുടെയും പഠനം ഒഴിവാക്കി പൂർണ്ണമായും ഖുർആൻ പാരായണത്തിൽ മുഴുകുമായിരുന്നു (ലതാഇഫുൽ മആരിഫ്). ഷാഫി ഇമാം (റ) അറുപതോളം ഖത്മ് തീർക്കുകയും, അബു ഹനീഫ ഇമാം റമളാനല്ലാത്തപ്പോൾ ഓരോ ദിവസവും ഒരു ഖത്മ് വീതം തീർക്കുകയും, റമളാനാകുമ്പോൾ രാത്രിയിലും പകലിലും രണ്ട് ഖത്മ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഖുർആനിന്റെ ആനന്ദം മനസ്സിലാക്കിയ മഹാന്മാരുടെ റമളാൻ ഇപ്രകാരമായിരുന്നു.
അപരന്റെ കണ്ണീരൊപ്പാനാകുക എന്നതാണ് ഇസ്ലാം സ്വദഖയിലൂടെ മുന്നോട്ട് വെക്കുന്ന പ്രധാന ആശയം. തിരു നബി (സ) പറഞ്ഞു: "സ്വദഖകളിൽ ഏറ്റവും ശ്രേഷ്ഠമായത് റമളാനിലെ സ്വദഖയാണ്" (തിർമുദി). റമളാനിൽ മുത്ത് നബി (സ) പതിവിലുമപ്പുറം സ്വദഖ വർധിപ്പിക്കുമായിരുന്നു. അശരണരെ ചേർത്തുപിടിക്കാനും അവർക്കാവശ്യമായത് നൽകാനും മഹാന്മാർ ഒരിക്കലും മടിക്കുമായിരുന്നില്ല. ഇബ്നു ഉമർ (റ) പാവപ്പെട്ടവരോടൊപ്പം ആയില്ലെങ്കിൽ നോമ്പ് തുറക്കില്ലായിരുന്നു. അവരെ തടയുകയാണെങ്കിൽ ആ രാത്രിയിൽ പിന്നീട് ഭക്ഷണം കഴിക്കാറില്ലായിരുന്നു (ലതാഇഫുൽ മആരിഫ്). സമാനമായ ചരിത്രമാണ് ഇമാം അഹ്മദ് (റ)വിന്റേത്. നോമ്പ് തുറക്കാനിരുന്നപ്പോൾ വല്ലതും വേണമെന്നാവശ്യപ്പെട്ട് ഒരാൾ വന്നപ്പോൾ, താൻ മുന്നിലുണ്ടായിരുന്ന രണ്ട് റൊട്ടി അവന് നൽകി, വിശപ്പ് സഹിച്ച് പുലരും വരെ അവശേഷിക്കുകയും ചെയ്തു. ഹമ്മാദ് ഇബ്നു അബീ സുലൈമാൻ (റ) ഓരോ ദിവസവും അഞ്ഞൂറോളം പേർക്ക് ഇഫ്താർ ഒരുക്കുകയും, പെരുന്നാളായാൽ ഓരോരുത്തർക്കും നൂറ് ദിർഹം വീതം നൽകുകയും ചെയ്തിരുന്നു (സീയറു അഅ്ലാമുന്നുബലാ).
ഇങ്ങനെ ഓരോ റമളാനിനെ വരവേൽക്കാനും നന്മകൾക്കേറെ സമയം കണ്ടെത്താനും വല്ലതും വന്നു പോയെങ്കിൽ അതിനു വേണ്ടി നിരന്തരം പ്രാർത്ഥിക്കാനുമായിരുന്നു മഹാന്മാരൊക്കെയും അവരുടെ റമളാനിന്റെ സമയമത്രയും വിനിയോഗിച്ചത്.വിശ്വാസിക്ക് വീണുകിട്ടിയ നിധി പോലെയാണ് ഓരോ റമളാനുമെങ്കിലും അതിന്റെ ഗൗരവം അന്യമായ ഈ കാലത്ത് ആത്മീയതയുടെ ഓരം ചേർന്ന് റമളാനിനെ കൂടുതൽ അനുഭൂതിദായകമാക്കാൻ വിശ്വാസികളായ നമുക്ക് കഴിയേണ്ടതുണ്ട്.